കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന കുടുംബത്തിൻ്റെ ഹർജി സെഷൻസ് കോടതിയിലേക്ക് മാറ്റി. ഭാര്യ മഞ്ജുവാണ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.
കേസിന്റെ തുടർ നടപടികൾ ജില്ലാ സെഷൻസ് കോടതിയിലേക്കാണ് മാറ്റിയത്. കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്ന ദിവ്യയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുഹമ്മദലി ഷഹഷാദ് ആണ് ഇന്ന് വിധി പറഞ്ഞത്.


നവീൻ ബാബുവിൻ്റെ മരണത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതിക്ക് രക്ഷപ്പെടാൻ കഴിയുന്ന തരത്തിലുള്ള കുറ്റപത്രമാണെന്നും കുടുംബം ആരോപിച്ചിരുന്നു. അന്വേഷണത്തിൽ പതിമൂന്ന് പ്രധാന പിഴവുകളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തുവെന്നാരോപണം ഉൾപ്പെടെ നിരവധി കാര്യങ്ങൾ എസ്ഐടി അവഗണിച്ചുവെന്നും കുടുംബം വ്യക്തമാക്കി.
ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പി പി ദിവ്യയാണ് പ്രതി. 166 ദിവസത്തിന് ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. 82 പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
തുടരന്വേഷണം വേണമോയെന്ന് മേൽ കോടതി തീരുമാനിക്കും.
Former ADM Naveen Babu's death: Family petitions Sessions Court for further investigation